
COCHIN FILM SOCIETY
Join for a Better Film Culture

ചെറുതെങ്കിലും സാധാരണയിൽ നിന്നും വിത്യസ്തമായ കേരള കലാപീഠത്തിന്റെ ആസ്ഥാനത്തെ ചുറ്റിപ്പിണഞ്ഞു നില്ക്കുന്ന വൃക്ഷത്തലപ്പുകളിലൂടെ ഊതിയടിയ്ക്കുന്ന കാറ്റിന്റെ മർമ്മരം....ഒപ്പം തന്നെ 16 എം. എം. പ്രോജക്ടറിന്റെ കിർ കിർ ശബ്ദം. ..ചെറിയ സ്ക്രീനിൽ അപുവിന്റെയും സർബോജയയുടെയും ഹർഗോവിന്ദിന്റെയും രൂപങ്ങൾ. ബദ്ധശ്രദ്ധരായി മഹത്തായ ഒരു കലാസൃഷ്ടി വീക്ഷിയ്ക്കുന്ന ഒരു ചെറു കൂട്ടായ്മ... ആദ്യം പഥേർ പാഞ്ചാലി. തുടർന്നുള്ള സായാഹ്നങ്ങളിൽ സത്യജിത് റേയുടെ അപു ട്രിലജിയിലെ മറ്റു ചിത്രങ്ങളും ...അപരാജിതോ, അപൂർ സൻസാർ...1982.
ഒരർത്ഥത്തിൽ ഇത് തന്നെയായിരുന്നു കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ തുടക്കം. അന്ന് പക്ഷേ ആ പേരുണ്ടായിട്ടില്ല. നല്ല സിനിമ കാണാനുള്ള മോഹം മൂലം കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഫിലിം ക്ളബിൽ നിന്നും കൊല്ലത്തെ സുവർണ്ണ രേഖ ഫിലിം സൊസൈറ്റിയിൽ നിന്നും ലഭിയ്ക്കുന്ന ചിത്രങ്ങൾ കലാപീഠത്തിന്റെ മുറ്റത്തു പ്രദർശിപ്പിച്ചിരുന്നു. ഇതിനുണ്ടാകുന്ന ചെലവു ആ പ്രദർശനങ്ങൾ കാണാനെത്തുന്ന സഹൃദയർ പങ്കിടുമായിരുന്നു. ആ കാലത്താണ് ഇന്ത്യൻ ബാങ്കിലെ ചില ചലച്ചിത്ര പ്രേമികൾ ഒരു ഫിലിം സൊസൈറ്റി രൂപീകരണം എന്ന സങ്കൽപ്പവുമായി കലാപീഠവുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് പുതിയൊരാശയം രൂപം കൊണ്ടത്. എന്തുകൊണ്ട് രണ്ടു കൂട്ടരും യോജിച്ചു ഒരു ഫിലിം സൊസൈറ്റി ആയിക്കൂടാ?
അങ്ങിനെ ഉടലെടുത്ത ആലോചനകളുടേയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ഒരു യോഗം കൂടി കൊച്ചിൻ ഫിലിം സൊസൈറ്റി(സി. എഫ്. എസ്.) എന്ന പേര് സ്വീകരിയ്ക്കുന്നതും പ്രവർത്തനം ആരംഭിയ്ക്കുന്നതും. പ്രസിഡന്റായി ജോസ് പനച്ചിപ്പുറം (മലയാള മനോരമ ) സെക്രട്ടറി ദിനേശ് ബാബു (ഇന്ത്യൻ ബാങ്ക്) എന്നിവരെ തിരഞ്ഞെടുത്തു.
1947 ൽ സത്യജിത് റേയുടെ വീട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ കൽക്കട്ടാ ഫിലിം സൊസൈറ്റി യുടെ ആദ്യത്തെ പ്രദർശനം നടന്നത് - ബാറ്റിൽഷിപ് പൊട്ടംകിൻ. സി. എഫ്. എസിന്റെയും ആദ്യപ്രദർശനം ആ അനശ്വര ചലച്ചിത്രം തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ചാവറ സാംസ്ക്കാരിക കേന്ദ്രത്തിൽ 1984 മെയ് 26 -൦ തീയതി കൊച്ചിൻ ഫിലിം സൊസൈറ്റി നമ്മുടെ ആദ്യ ചിത്രം 'ബാറ്റിൽഷിപ് പൊട്ടംകിൻ' പ്രദർശിപ്പിച്ചു. എം. വി. ദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മങ്കട രവിവർമ്മ നിലവിളക്ക് കൊളുത്തി സൊസൈറ്റിയുടെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. നീലൻ ഐസൻസ്റ്റീനെയും സിനിമയെയും പരിചയപ്പെടുത്തി സംസാരിച്ചു. അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു. മുപ്പതു വർഷമായി അഭംഗുരം തുടരുന്ന യാത്ര. കേരളത്തിലായാലും ഇന്ത്യ മൊത്തത്തിൽ തന്നെയെടുത്താലും നമ്മുടെ സൊസൈറ്റി പോലെ പ്രവർത്തനക്ഷമമായ സൊസൈറ്റികൾ വിരളമാണെന്നു അഭിമാനത്തോടെ, അൽപ്പം അഹങ്കാരത്തോടെ പറയാവുന്നതാണ്.
പ്രതിമാസ പരിപാടികളിൽ ഒരു മുടക്കവും വന്നിട്ടില്ല. ഏതാണ്ട് ആയിരത്തോളം വിശ്വോത്തര ചിത്രങ്ങൾ കൊച്ചിൻ ഫിലിം സൊസൈറ്റി പ്രദർശിപ്പിച്ചിട്ടുണ്ട്. കലൂർ അശോക, സീമ, എറണാകുളം മേനക, ലക്ഷ്മണ്‍, കാനൂസ്, ലിറ്റിൽ ഷേണായീസ്, സവിത, പദ്മ, കവിത, തുടങ്ങിയ സിനിമാശാലകളിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ പലതും ഇന്ന് ചരിത്രത്തിന്റെ ഭാഗമായി പൊതു ജീവിതത്തിൽ നിന്നും നിഷ്ക്രമിചെങ്കിലും അവയെ ഞാൻ കൃതജ്ഞതയോടെ ഓർക്കുന്നു.